ഹൃദയത്തിലെരിയുന്ന കനലുകള്‍ കവിതയായ് പുനര്‍ജന്മം തേടുന്നു....

2010 ഡിസംബർ 12, ഞായറാഴ്‌ച

നിറങ്ങള്‍


‍ഞാനൊരിക്കലും ഒരു
നല്ല ചിത്രകാരിയായിരുന്നില്ല.
ജീവിതമെന്ന യാഥാര്‍ഥ്യത്തിന്
സ്വപ്നങ്ങളുടെ വര്‍ണങ്ങള്‍
പകരാന്‍ ശ്രമിച്ചവള്‍.
നിറങ്ങള്‍ കോരിയൊഴിച്ചതാണ്
ചിത്രമെന്ന് വിശ്വസിച്ചവള്‍.
വെയിലിനേയും നിലാവിന്റെ
ക്യാന്‍വാസില്‍ വരച്ചവള്‍.
ഒടുവില്‍ ജീവിതത്തിന്റെ
അനിവാര്യമായ കറുപ്പ്
എന്റെ വര്‍ണങ്ങള്‍ക്കുമേല്‍
പടരുമ്പോഴും
പുതിയ സ്വപ്നവര്‍ണങ്ങള്‍ക്കായി
കാത്തിരിക്കുന്നവള്‍.

2010 ഡിസംബർ 11, ശനിയാഴ്‌ച

ഹൃദയത്തിന്റെ ചില വ്യഥകള്‍




എന്റെ ഹൃദയത്തില്‍ കുടുങ്ങിയ
ഒരു പനിനീര്‍ദളമാണിന്നു നീ.
ഓരോ ശ്വാസത്തിലും
നിന്റെ സുഗന്ധം ഞാനറിയുന്നു
എങ്കിലും....
എന്റെ സ്പന്ദനങ്ങളുടെ താളം
നീ തടസപ്പെടുത്തുമ്പോള്‍
ഞാന്‍ ഒരേ സമയം
ചിരിക്കുകയും കരയുകയും
ചെയ്യുന്നതെന്തു കൊണ്ടാവാം?

2010 ഡിസംബർ 8, ബുധനാഴ്‌ച

കുളിരോര്‍മ

നീയാകുന്ന മഞ്ഞുതുള്ളി
എന്നുള്ളില്‍ ഉറങ്ങിയിരുന്നപ്പോള്‍
ചുറ്റുമെരിയുന്ന കനലിനെ
ഞാന്‍ കണ്ടിരുന്നില്ല.
നടക്കേണ്ട പാതകള്‍
ചുട്ടുപൊള്ളുമെന്നറിഞ്ഞിട്ടും
നീ നല്കിയ തണുപ്പിന്റെ പുതപ്പുമൂടി
ഞാന്‍ നടന്നു നീങ്ങി.
വിരസതയുടെ മാറാല പിടിച്ച വാതില്‍പ്പാളികള്‍
എനിക്കായ് തുറക്കുന്നതു ഞാന്‍ കണ്ടു.
ഇന്നു നീ എന്റെ കണ്ണുകളിലൂടെ ഉരുകിയൊലിക്കുമ്പോള്‍
എന്റെ സ്വപ്നങ്ങളുടെ ശവശരീരങ്ങള്‍ക്ക്
കാവലിരിക്കുകയാണു ഞാന്‍.