ഹൃദയത്തിലെരിയുന്ന കനലുകള്‍ കവിതയായ് പുനര്‍ജന്മം തേടുന്നു....

2011 നവംബർ 10, വ്യാഴാഴ്‌ച

ഇരുട്ട്

വീണ്ടും മഞ്ഞുകാലമായെന്ന്
എന്നോട് പറഞ്ഞത്
വിണ്ടുകീറുന്ന ചുണ്ടുകളായിരുന്നു
വിറയ്ക്കുന്ന കൈകളും
ചുറ്റും ഇലപൊഴിക്കുന്ന മരങ്ങളും
അതുതന്നെ ആവര്‍ത്തിച്ചിട്ടും
എന്റെ ഹൃദയം മാത്രം മഞ്ഞണിഞ്ഞില്ല.
   മഴ തന്റെ തണുത്ത വിരലുകള്‍ നീട്ടി
   എന്റെ വിരല്‍ പിടിച്ചിട്ടും
  ഹൃദയത്തില്‍  തിളയ്ക്കുന്ന ചൂടായിരുന്നു.

എന്റെ മുറ്റത്ത് വിരിഞ്ഞ പൂക്കള്‍
വസന്തമായെന്നറിയിച്ചിട്ടും
ഹൃദയത്തില്‍ ഒരു കുഞ്ഞു-
പൂവ് പോലും വിടര്‍ന്നില്ല
   ഇരുള്‍ കീറിമുറിച്ചു നിലാവും
   എന്നെ എത്തിനോക്കി.
   എന്നാല്‍ ഹൃദയത്തിലെക്കാ
   വെളിച്ചം പടര്‍ന്നില്ല.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു.
എനിക്കെന്റെ ഹൃദയം
എന്നേ നഷ്ടപ്പെട്ടിരുന്നു. 
ഇപ്പോള്‍ ഉള്ളില്‍ നിറയുന്നത്
ഇരുട്ട് മാത്രമാണ്.
എന്നും ഞാന്‍ ഭയപ്പെട്ടിരുന്ന
മുന്നോട്ടുള്ള വഴികളെ മറക്കുന്ന
ഇരുട്ട്.
   

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

നന്ദി

കാലങ്ങള്‍ക്കപ്പുറത്തേക്ക് നടന്ന്
ഞാന്‍ നിനക്കൊരു കത്തെഴുതട്ടെ,
അക്ഷരങ്ങള്‍ക്ക് നിറം പകരാന്‍
ഹൃദയരക്തം കിട്ടിയെന്ന് വരില്ല,
അത് കണ്ണിലൂടെ ഒലിച്ച് പോയ ശേഷം
ഹൃദയമെന്ന് ഏകാന്തതയുടെ
മരവിപ്പിക്കുന്ന തണുപ്പിലാണ്.
ഒരിക്കല്‍ മനസ്സുകൊണ്ട് ഞാന്‍
നിനക്കെഴുതിയ കവിതകള്‍
നീ ഒരിക്കലും വായിക്കാന്‍ ശ്രമിച്ചില്ല
അല്ലെങ്കിലും,
കണ്ണുകള്‍ക്ക് മുന്നില്‍ മൂടല്‍മഞ്ഞിന്റെ
ഈ കണ്ണട എനിക്ക് മാത്രമായിരുന്നല്ലോ,

എങ്കിലും ഭാവിയിലെ ആ കത്തില്‍
നിനക്കൊരു വരി വായിച്ചെടുക്കാം
   നന്ദി
അതിനപ്പുറം കാണാനാവാത്ത ലിപികളില്‍
ആ കത്തിന് തുടര്‍ച്ചയുണ്ടാകും.
നീ പോലുമറിയാതെ നീ എന്റെ
ഹൃദയത്തില്‍ കുറിച്ചിട്ട കവിതകള്‍ക്ക്,
സന്ധ്യയുടെ വര്‍ണങ്ങളില്‍
ചാലിച്ചെടുത്ത സ്വപ്നങ്ങള്‍ക്ക്,
കാത്തിരിപ്പിന്റെ സുഖമുള്ള വേദനകള്‍ക്ക്
നന്ദി.....

2011 ഏപ്രിൽ 7, വ്യാഴാഴ്‌ച

ദൈവം കവിതയെഴുതുകയായിരുന്നു

ദൈവം കവിതയെഴുതുകയായിരുന്നു.
ലളിതമായ വാക്കുകളില്‍
ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ച് വച്ച്
ദൈവം ഇന്നും കവിതയെഴുതിയിരുന്നു.
ഒളിഞ്ഞ് നിന്ന് ഞാന്‍ വായിച്ചെടുത്ത കവിത
ഞാന്‍ ഒരുപാട് വട്ടം എഴുതിയത് തന്നെയായിരുന്നു.
എന്നാല്‍ ഈ സൂചിക്കുഴലിലൂടെ ഒളിഞ്ഞ് നോക്കാതെ,
നീ വായിച്ച കവിതക്കും 
ഇതേ അര്‍ഥം തന്നെയായിരുന്നുവോ?

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

ചിരി

‍‍ഞാന്‍ ചിരിച്ചു.
സത്യത്തിന്റെ ചുവപ്പുള്ള
കണ്ണുനീരിനെ എനിക്ക്
ഭയമായിരുന്നു.
എന്നാല്‍
ചിരിയുടെ തീജ്വാലകളില്‍
ഹൃദയം പിടഞ്ഞു.
ഞാന്‍ ചിരിച്ചുകൊണ്ടിരുന്നു
എനിക്ക് എന്നെത്തന്നെ
തിരിച്ചറിയാന്‍ കഴിയാതാകും വരെ.

2011 മാർച്ച് 5, ശനിയാഴ്‌ച

സ്വപ്നശലഭങ്ങള്‍

എന്റെ സ്വപ്ന‍ങ്ങളില്‍ നിന്ന്
കൊഴി‍ഞ്ഞുവീണ ഇലകളും
കരിഞ്ഞുണങ്ങിയ പകലിന്റെ പൂക്കളും
പറന്നുപോകുന്നതു ഞാനറിഞ്ഞു.
 സ്വപ്നങ്ങളില്‍ വിരുന്നു വന്ന ശലഭങ്ങള്‍
 പ്രതീക്ഷയു‍‍ടെ ചിറകുകള്‍
 എനിക്കു തന്നു മടങ്ങി.
ചിറകുകള്‍ വിരുത്തി
രാത്രിയുടെ അതിര്‍വരമ്പുകള്‍
ഭേദിച്ച് പറന്നുയരുമ്പോള്‍
ശലഭങ്ങള്‍ എന്നോട് പറഞ്ഞു
‍ഞങ്ങള്‍ അല്പായുസ്സുകളാണ്.
 കാലത്തിന്റെ കാല്പാടുകള്‍ക്കപ്പുറം
ആയുസ്സിന് ജീവിതമെന്ന് പര്യായമുണ്ടെങ്കില്‍
നിങ്ങള്‍ എനിക്കൊരായുസ്സു മുഴുവന്‍
സമ്മാനിച്ചു കഴിഞ്ഞില്ലേ,
നിങ്ങള്‍  പിന്തുടരുമെങ്കില്‍
അഗാധമായ ഉറക്കത്തിന്റെ പടവുകള്‍
എന്നുമെന്നെ മോഹിപ്പിക്കുന്നു.